കുറുപ്പന്തറ: ലഹരിക്കെതിരേ സെന്റ് സേവ്യേഴ്സ് വിഎച്ച്എസ് സ്കൂളും മാഞ്ഞൂര്‍ പഞ്ചായത്തും സംഘടിപ്പിച്ച തൂഫാന് സേവ്യേഴ്സ് ടുകെ 26 ഇന്റര്‍സ്കൂള്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അറക്കുളം സെന്റ് മേരീസ് സ്കൂള്‍ ജേതാക്കളായി.
ഫൈനലില്‍ അറക്കുളം സെന്റ് മേരീസ് രണ്ട് ഗോളിന് ആതിഥേയരായ കുറുപ്പന്തറ സെന്റ് സേവ്യേഴ്സിനെ പരാജയപ്പെടുത്തി. മത്സരത്തില്‍ മികച്ച ഗോളിയായി അറക്കുളത്തിന്റെ ഹാഷിം ജമാലും മികച്ച കളിക്കാരനായി സെന്റ് സേവ്യേഴ്സിലെ ജെ. കാര്‍ത്തികും തെരഞ്ഞെടുക്കപ്പെട്ടു.
സമാപന യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. ഏബ്രാഹം വഞ്ചിപ്പുരയ്ക്കല്‍ വിജയികള്‍ക്ക് ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു. മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ അനൂപ് കെ. സെബാസ്റ്റ്യന്‍ ഹെഡ്മാസ്റ്റര് ജോഷി ജോര്‍ജ്, പിടിഎ പ്രസിഡന്റ് ഷാജി കടുന്നക്കരി, മറ്റു ഭാരവാഹികള്‍, അധ്യാപകര്‍, സംഘാടക സമിതിയംഗങ്ങള്‍, രക്ഷിതാക്കള്‍ തുടങ്ങിയവർ പങ്കെടുത്തു. ലഹരിക്കെതിരേ യുവജനതയെ ബോധവത്കരിക്കുന്നതിനായി ഫ്ലാഷ് മോബ്, വിളംബര റാലി, സൈക്കിള്‍ റാലി, സ്കേറ്റിംഗ്, ഫുട്ബോള്‍ മത്സരം എന്നിങ്ങനെ ജനപങ്കാളിത്തതോടെ വിവിധങ്ങളായ പരിപാടികളാണ് രണ്ട് ദിവസങ്ങളായി നടത്തിയത്.